രാജ്യത്ത് ബാങ്കുകൾക്കെതിരായ പരാതികൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ. റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത പരാതികളുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ പരാതികളുടെ എണ്ണം 68 ശതമാനത്തിലധികം വർദ്ധിച്ചു. മൊബൈൽ, ഇലക്ട്രോണിക് ബാങ്കിംഗ്, ലോണുകൾ, എടിഎം, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പെൻഷൻ പേയ്മെന്റ്, മണി ട്രാൻസ്ഫർ, തുടങ്ങിയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഭൂരിഭാഗം പരാതികളും. ഇതിൽ 1.96 ലക്ഷം പരാതികളാണ് ബാങ്കുകൾക്കെതിരെ ഉയർന്നത്.
ആർബിഐ ഓംബുഡ്സ്മാൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം, 2021 പ്രകാരമുള്ള ആദ്യ റിപ്പോർട്ടാണിത്. 22 ഓഫീസുകളിൽ നിന്നും പ്രോസസ്സിംഗ് സെൻററുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ആകെ 7,03,544 പരാതികൾ ലഭിച്ചു. 68.24 ശതമാനം ആണ് വർധന. ബാങ്കുകൾക്കെതിരായ പരാതികൾ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് കൊണ്ടാണ് പരാതികളുടെ എണ്ണം ഉയരുന്നതെന്ന് അധികൃതർ വ്യക്തമാക്കി .